Friday, August 31, 2012

ഉന്മാദിയുടെചതുരംഗം......!!!

എന്‍റെ രക്തം
നിന്‍റെ അക്കങ്ങളെ ചുവപ്പിക്കും മുന്പ് ,
ആയുസ്സിന്‍റെ പുസ്തകത്തില്‍
അങ്ങിങ്ങായി പടര്‍ന്ന 
കാഞ്ഞിര വള്ളികളെ 
ഒന്നു പിഴുതെടുക്കണം..!
അഴുക്കു നിറഞ്ഞ
ചതുപ്പ് നിലങ്ങളെഅടയാളപ്പെടുത്തണം ..!

ചില ഭിക്ഷുക്കളുടെ
ഞരമ്പുകളെടുത്ത്
'ചരിത്രം ചുവന്നു തന്നെയോ ഒഴുകിയത് ?!!'
എന്ന് തിട്ടപ്പെടുത്തണം .!
ചില മസ്തിഷ്കങ്ങളുടെ അടരുകളില്‍ ,
അവിടെ മാത്രം ,
രണ്ടു പൊട്ടിക്കണം .!

പിന്നെ ,


ഇന്ദ്ര പ്രസ്ഥത്തിന്‍റെ
ഗൂഗ്ളിയതാണ് ട്ടോ .......
ചില ഇടവഴികളില്‍
ഇത്തിരി സള്‍ഫാന്‍ * തളിക്കണം


കറക്കിയെറിഞ്ഞ
പകിട ബന്ധങ്ങള്‍
ചതുരംഗക്കളത്തിലേക്ക്മറിഞ്ഞു വീഴും മുമ്പ്
എന്‍റെ താലന്തുകള്‍
അരൂപിയുടെ ഉദ്യാനത്തില്‍
വിശ്വസിച്ചേല്‍പിക്കണം.

 തിരഞ്ഞെടുത്ത നിറഭേതങ്ങള്‍  
വിരിഞ്ഞു തീരും മുന്പ്
പ്രായോജകരുടെ ചുണ്ടില്‍ നിന്നും
തിരിച്ചു പിടിക്കണം.

എന്നിട്ട്,
വീണ്ടും
മ്പിളിക്കല പോലെ
ഒന്നു ചിരിക്കണം.

ഇതാ...
ദുന്ദുഭി മുഴങ്ങുന്നു..
ഇനി പടക്കളങ്ങളില്‍...
'ഉന്മാദിയുടെ ചതുരംഗം......!!!'

അനുബന്ധം

*എന്‍റോസള്‍ഫാന് പടച്ച തമ്പുരാന്‍ അഴിമതിക്കാരനെ തുരത്താനുള്ള കഴിവ് കൂടിനല്‍കിയിരുന്നെങ്കില്‍....
അല്ലെങ്കിലും ഇത്ര തങ്കപ്പെട്ട സാധനമല്ലേ
കാസര്‍കോട്ടുകാര്‍ പറയുന്നത് ശരിതന്നെയോ എന്നറിയുന്നതില്‍ എന്താണിത്രതെറ്റ്..?!.

Tuesday, August 14, 2012

ഞാന്‍ കരയുകയായിരുന്നു


ഒരു കുഞ്ഞു ഹൃദയം...
റോസാപ്പൂക്കളുടെ തടവറകള്‍
വേലി കെട്ടിയ നിശാ ഗര്‍ഭങ്ങളില്‍,
താരാട്ടിയുറക്കിയ രക്തബന്ധങ്ങള്‍...


പുറത്ത്,


രാമഴയുടെ താളം..
ഒഴുകിപ്പിളര്‍ത്തിയ മധുര ചഷകങ്ങള്‍..
നിര്‍വചിക്കാനാവില്ലൊരിക്കലും
ഏ തുവഴിയിനി വീടണഞ്ഞീടാം .. ഇനിയോ..?


ഗ്രാഫൊന്നു നീട്ടി വരച്ചാല്‍
കരിന്തിരി കത്തി ഒരു വെള്ളക്കുള്ളന്‍..


അല്ലെങ്കില്‍


പകച്ചു പകച്ച്‌
ഉള്ളിലുള്ള താലന്തുകളുടെ
തൂക്കമളന്ന്
ഒരു ചുകന്ന ഭീമന്‍
ഗതികിട്ടാതെ
എല്ലാത്തിനെയും 
എന്‍റെ ഉള്ളിലേക്കാവഹിച്ച്
ഇരുണ്ടു കറുത്ത്
വീണ്ടുമൊരു
തമോ ഗര്‍ത്തം..നിഴല്‍ പുറ്റുകള്‍ക്കിടയിലൂടെ 
മനസ്സു വിങ്ങി..
നടന്നു.. നടന്നു..
 മറയുകയാണിപ്പഴും..!
വെറുതെ ഞാന്‍ കരുതിയ,
സങ്കടക്കാറ്റുകള്‍

വിട പറഞ്ഞെക്കുമോ ഇനിയുമൊരിക്കലെന്‍
കന്നുനീരിറ്റിയ പുസ്തകത്താളുകള്‍     
 
  


Friday, September 16, 2011

നക്ഷത്രങ്ങളുടെ മരണംഒരിക്കല്‍
മലിന ജലമത്രയും കുടിച്ച്
പ്രപഞ്ചം വീര്‍ത്തു പൊട്ടും.

അന്ന്
വെള്ളിത്തലപ്പാവുകളും
ചുകന്ന തലപ്പാവുകളും 
ഒരിക്കല്‍ കൂടി കലഹിക്കും.

ദീനാറുകള്‍
മുഖത്തുരസി
തീപ്പൊരി ചിതറും.
പഥികന്‍റെ ബലിച്ചോറ്

ഏറുമാടങ്ങളില്‍ വിശ്രമിക്കും.


ബ്രാക്കറ്റുകള്‍ക്കിടയില്‍
അഭയം തേടിയ
വിപ്ലവത്തിന്‍റെ പുറന്തോടുകള്‍
അരൂപിയുടെ സാമ്രാജ്യം
അടിച്ചു പൊളിക്കും.മഹാ പ്രവാഹത്തില്‍
കൈ വിട്ടു പോയ പിറവിയുടെ രഹസ്യം
എന്‍റെ കൈകളിലേക്കു തിരിച്ചെത്തും.


അന്ന്,
പ്രവാചകന്‍റെ പുഞ്ചിരി
ഇടവഴികളിലേക്കു കൂടി പരന്നേക്കും.

അതുവരെ,
വിശ്രമിക്കാന്‍
ഒരു മന്ത്രാക്ഷരി തേടിയാണ്
തീജ്ജ്വാലകള്‍ക്കിടയിലൂടെ
എന്‍റെ നടത്തം....

Saturday, August 27, 2011

വിശുദ്ധിയുടെ ചിറകടികള്‍

താഴികക്കുടങ്ങളെ തഴുകിത്തലോടിയെത്തുന്ന ഹൈദരാബാദിയന്‍ കാറ്റില്‍ അലിഞ്ഞു ചേര്ന്ന പ്രണയ ഗീതങ്ങളുണ്ടായിരുന്നു. ഉറുദു അറിയില്ലെങ്കിലും ഭാഷാന്തരങ്ങളിലേക്കു പെയ്തിറങ്ങുന ഭക്തകാവ്യങ്ങള്‍...
ഒരിക്കല്‍ കൂടി പ്രണയ ഗീതങ്ങള്‍കു കാതോര്‍കട്ടെ...
മഴയില്‍ നനഞ്ഞു കുതിരട്ടെ ....


പ്രിയരേ ഈദു മുബാറക്


തണുത്തു മരവിച്ച
നിന്‍റെ വിരലുകള്‍ക്
പ്രണയത്തിന്‍റെ കരുതല്‍..
വിഷാദ മന്ദസ്മിതം പോലെ,
കരയുന്ന കണ്ണുകളില്‍
വിരഹത്തിന്‍റെ നിഴല്‍..
പാതി തുറന്ന മഴവില്‍ കൊട്ടാരത്തില്‍
പ്രണവ മന്ത്രം തേടി
നിന്‍റെ മൃദു പല്ലവികള്‍ ...

താഴെ,
യാത്രയുടെ അവസാനത്തില്‍,
ചുംബന സ്മൃതികളില്‍
പുളകം കൊണ്‍ട്,
എന്‍റെ വാല്‍മീകങ്ങള്‍
അവിടെ ,
പറയാതെ പോയ പ്രണയം
നിന്‍റെ പതിത ഗീതങ്ങളില്‍
തലചായ്ച്ച്
സ്വപ്നങ്ങളിലേക്കു കുടിയേറുന്നു


നിന്‍റെ വരവുകാത്ത്
ചില്ലകളില്‍ ചിറകൊതുക്കി
പതിയെ..
കുറുകിയുരുകുകയാണ്..
ഒരായിരം പ്രണയ പുഷ്പങ്ങള്‍..!!

വരൂ, പ്രിയേ ..
കേള്‍ക്കട്ടെ ഞാന്‍..
വീണ്ടുമാ വിശുദ്ധിയുടെ
നനുത്ത ചിറകടികള്‍..!!!!


Thursday, July 28, 2011

"എന്‍റെ കവിത തീക്കു മുന കൊടുക്കുന്നു..."

 എന്‍റെ പ്രൊഫൈലില്‍ എന്തെഴുതണമെന്ന ചിന്തയില്‍ നിന്നാണ് ഈ കവിതയുടെ പിറവി 

 ന്‍റെ  കവിത 
നിഴല്‍ ചിത്രങ്ങള്‍ക്കു മുഖപടം നല്‍കുന്നു .
നഖക്ഷതങ്ങളില്‍ ചോര വാറ്റുന്നു .
രക്ത ബാല്യം വരച്ചെടുക്കുന്നു .. .. .. 

എന്‍റെ കവിത 
അഭയം കാണാതെ  ,
നരച്ച കവിള്‍ത്തടം കൊണ്ടു
 തീക്കു മുന കൊടുക്കുന്നു 
ചിലപ്പോള്‍ ,
ഉള്ളില്‍ അസൂയമുഴച്ച്ചു 
വിഷാദ ഗര്‍ഭം ചുമക്കുന്നു .
പട്ടിണി  കിടക്കുന്നു ,
പാല്‍ ചുരത്തുന്നു .

പടക്കളങ്ങളില്‍ 
തലചുറ്റി ,
ഭ്രാന്തനെപ്പോലെ 
ചുവന്ന ബാണം തെറിപ്പിച്ച് 
പ്രവചന കുലം തകര്‍കുന്നു .

ഒടുവില്‍ 
അവസാനത്തെ ചുംബനത്തിനു 
മണി മുഴങ്ങുമ്പോള്‍ 
പാലായനത്തിന്‍റെ കഥ  പറയുന്നു . ..

Friday, July 1, 2011

ജിന്നുകളുടെ തടവറകള്‍

ഓരോ പെരുന്നാളിനും
ഉമ്മ പറയാറുണ്ട് ,

'ഉപ്പ വരും.. , വരാതിരിക്കില്ല.! '


നിലാവില്‍ ,ഇളം കാറ്റത്ത്‌
പതിയെ മുഖപടം നീങ്ങുമ്പോള്‍
ഉമ്മ പറയും:

".. സാരമില്ല ,ഉപ്പയായിരിക്കും.. !"


അകലെ
അക്കരേക്കു കൈ ചൂണ്ടി
ദൂരത്തേയും കാലത്തേയും പിന്നിട്ട്
ഒട്ടകങ്ങളെ തെളിച്ചതും,

ആരും കാണാതെ
വട്ട മുഖമുള്ള
വെള്ള മക്കനക്കുള്ളില്‍
കണ്ണുനീരോളിപ്പിച്ചതും,
നക്ഷത്രങ്ങളോട് കഥ പറഞ്ഞതും...
പാവം..
ഏതു കിനാവിന്‍റെ തുമ്പത്താണാവോ
കാഫിലകളെ ,ഉമ്മ ,തളച്ചത്..?


എന്നാലും
ഓര്‍മക്കുറിപ്പുപോലെ
എന്‍റെ മുടിയിഴകളില്‍ വിരലോടിച്ച്
കിനാവിന്‍റെ തീരത്തെ കുതിരപ്പുറത്തു കയറി
ജിന്നുകളുടെ തടവറയിലെ
രാജകുമാരനെ ഓര്‍ത്ത്
ഉമ്മ പാടും**

" പോകണ്‍ടലിയാരേ പോകണ്‍ടലിയാരേ..
ഇഫ്രീത്ത് ജിന്നിന്‍റെ കോട്ടേക്ക് പോകണ്ടാ...
തന്നാലെ കത്തുന്ന തിയ്യിണ്ടാ കോട്ടേല്..
തന്നാലെ വെട്ടുന്ന വാളുണ്ടാ കോട്ടേല്.."


** ഏറനാടന്‍ നാട്ടു ശീലുകളിലോന്ന്

Wednesday, June 29, 2011

മുഖങ്ങളുടെ പുസ്തകം

'ഞാന്‍ മരിച്ചുപോയെന്ന്'
ഇവന്‍ നിങ്ങളോടു പറഞ്ഞാല്‍
എന്‍റെ അര മതിലില്‍ എന്തു വരുമെന്ന്
എനിക്കറിയില്ല.

നിശ്ചയമായും ,
ന്യൂസ്ഫീടിനു കീഴെ
"ലൈക്‌" ഐക്കണ്‍ മിന്നിത്തിളങ്ങും
എനിക്കിഷ്ടപ്പെട്ടുവെന്നു നിങ്ങള്‍ വിരലമര്‍ത്തിയേക്കും!

താഴെ;
എന്‍റെ മൌനം കൊണ്ടു നിറഞ്ഞ ബോക്സില്‍
'ശ്ശോ.. കഷ്ടായി.!' എന്നു കമന്‍റടിച്ചേക്കും.

അന്നത്തെ ടോപ്‌ ന്യൂസുകള്‍ കിടയില്‍
ഇന്സ്റ്റന്‍റ് മെസ്സേജുകളില്‍
കുറിപ്പടികളില്‍
ഞാന്‍ വീണ്ടും പിടഞ്ഞു മരിക്കും
ഇന്നലെ ശൃംഗരിക്കാന്‍ മടിച്ച പെണ്ണിനോട്
നിങ്ങളെന്‍റെ കഥ പറയും
അങ്ങനെ ഒരു പ്രണയം കൂടി കടം വങ്ങും
എന്‍റെ ഓര്‍മയിലേക്ക് ഒരു പൂവുകൂടി കൊഴിഞ്ഞു വീഴും


എന്നാലും
വസന്തം വരാനുണ്ടെന്നോര്‍ത്ത്
നിങ്ങളെപ്പോഴോ സൂക്ഷിച്ച കണ്ണുനീര്‍
വലക്കണ്ണികള്‍ പൊട്ടിച്ചിട്ട്
എന്‍റെ തപാലില്‍ വരും

അവസാനത്തെ കത്തുമായി നീ പടികയറുമ്പോള്‍
എന്‍റെ സ്മാരകങ്ങള്‍ ചിരിച്ചു തുടങ്ങും

അതിനു മാത്രം
എന്‍റെ മുഖങ്ങളുടെ പുസ്തകമേ നിനക്കു നന്ദി !