Thursday, July 28, 2011

"എന്‍റെ കവിത തീക്കു മുന കൊടുക്കുന്നു..."

 എന്‍റെ പ്രൊഫൈലില്‍ എന്തെഴുതണമെന്ന ചിന്തയില്‍ നിന്നാണ് ഈ കവിതയുടെ പിറവി 

 ന്‍റെ  കവിത 
നിഴല്‍ ചിത്രങ്ങള്‍ക്കു മുഖപടം നല്‍കുന്നു .
നഖക്ഷതങ്ങളില്‍ ചോര വാറ്റുന്നു .
രക്ത ബാല്യം വരച്ചെടുക്കുന്നു .. .. .. 

എന്‍റെ കവിത 
അഭയം കാണാതെ  ,
നരച്ച കവിള്‍ത്തടം കൊണ്ടു
 തീക്കു മുന കൊടുക്കുന്നു 
ചിലപ്പോള്‍ ,
ഉള്ളില്‍ അസൂയമുഴച്ച്ചു 
വിഷാദ ഗര്‍ഭം ചുമക്കുന്നു .
പട്ടിണി  കിടക്കുന്നു ,
പാല്‍ ചുരത്തുന്നു .

പടക്കളങ്ങളില്‍ 
തലചുറ്റി ,
ഭ്രാന്തനെപ്പോലെ 
ചുവന്ന ബാണം തെറിപ്പിച്ച് 
പ്രവചന കുലം തകര്‍കുന്നു .

ഒടുവില്‍ 
അവസാനത്തെ ചുംബനത്തിനു 
മണി മുഴങ്ങുമ്പോള്‍ 
പാലായനത്തിന്‍റെ കഥ  പറയുന്നു . ..

Friday, July 1, 2011

ജിന്നുകളുടെ തടവറകള്‍

ഓരോ പെരുന്നാളിനും
ഉമ്മ പറയാറുണ്ട് ,

'ഉപ്പ വരും.. , വരാതിരിക്കില്ല.! '


നിലാവില്‍ ,ഇളം കാറ്റത്ത്‌
പതിയെ മുഖപടം നീങ്ങുമ്പോള്‍
ഉമ്മ പറയും:

".. സാരമില്ല ,ഉപ്പയായിരിക്കും.. !"


അകലെ
അക്കരേക്കു കൈ ചൂണ്ടി
ദൂരത്തേയും കാലത്തേയും പിന്നിട്ട്
ഒട്ടകങ്ങളെ തെളിച്ചതും,

ആരും കാണാതെ
വട്ട മുഖമുള്ള
വെള്ള മക്കനക്കുള്ളില്‍
കണ്ണുനീരോളിപ്പിച്ചതും,
നക്ഷത്രങ്ങളോട് കഥ പറഞ്ഞതും...
പാവം..
ഏതു കിനാവിന്‍റെ തുമ്പത്താണാവോ
കാഫിലകളെ ,ഉമ്മ ,തളച്ചത്..?


എന്നാലും
ഓര്‍മക്കുറിപ്പുപോലെ
എന്‍റെ മുടിയിഴകളില്‍ വിരലോടിച്ച്
കിനാവിന്‍റെ തീരത്തെ കുതിരപ്പുറത്തു കയറി
ജിന്നുകളുടെ തടവറയിലെ
രാജകുമാരനെ ഓര്‍ത്ത്
ഉമ്മ പാടും**

" പോകണ്‍ടലിയാരേ പോകണ്‍ടലിയാരേ..
ഇഫ്രീത്ത് ജിന്നിന്‍റെ കോട്ടേക്ക് പോകണ്ടാ...
തന്നാലെ കത്തുന്ന തിയ്യിണ്ടാ കോട്ടേല്..
തന്നാലെ വെട്ടുന്ന വാളുണ്ടാ കോട്ടേല്.."


** ഏറനാടന്‍ നാട്ടു ശീലുകളിലോന്ന്