Friday, September 16, 2011

നക്ഷത്രങ്ങളുടെ മരണം



ഒരിക്കല്‍
മലിന ജലമത്രയും കുടിച്ച്
പ്രപഞ്ചം വീര്‍ത്തു പൊട്ടും.

അന്ന്
വെള്ളിത്തലപ്പാവുകളും
ചുകന്ന തലപ്പാവുകളും 
ഒരിക്കല്‍ കൂടി കലഹിക്കും.

ദീനാറുകള്‍
മുഖത്തുരസി
തീപ്പൊരി ചിതറും.
പഥികന്‍റെ ബലിച്ചോറ്

ഏറുമാടങ്ങളില്‍ വിശ്രമിക്കും.


ബ്രാക്കറ്റുകള്‍ക്കിടയില്‍
അഭയം തേടിയ
വിപ്ലവത്തിന്‍റെ പുറന്തോടുകള്‍
അരൂപിയുടെ സാമ്രാജ്യം
അടിച്ചു പൊളിക്കും.







മഹാ പ്രവാഹത്തില്‍
കൈ വിട്ടു പോയ പിറവിയുടെ രഹസ്യം
എന്‍റെ കൈകളിലേക്കു തിരിച്ചെത്തും.


അന്ന്,
പ്രവാചകന്‍റെ പുഞ്ചിരി
ഇടവഴികളിലേക്കു കൂടി പരന്നേക്കും.

അതുവരെ,
വിശ്രമിക്കാന്‍
ഒരു മന്ത്രാക്ഷരി തേടിയാണ്
തീജ്ജ്വാലകള്‍ക്കിടയിലൂടെ
എന്‍റെ നടത്തം....